മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലൻസ് എഫ് ഐ ആർ. വെള്ളാപ്പള്ളിയുൾപ്പെടെ മറ്റ് അഞ്ചുപേരും സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവുകൾ ലഭിച്ചുവെന്ന് എഫ് ഐ ആർ വ്യക്തമാക്കി.
ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഡാലോചന നടത്തുകയും സാമ്പത്തിക ക്രമക്കേട് വരുത്തുകയും ചെയ്തതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എഫ് ഐ ആർ. തട്ടിപ്പിന് എസ് എൻ ഡി പിയുടെ യോഗ്യത പരിശോധിച്ചില്ല. വായ്പയെടുത്ത 15.85 കോടി രൂപ എത്തേണ്ടിടത്ത് എത്തിയിട്ടില്ല. കുറഞ്ഞ പലിശക്ക് ഈ തുക നൽകിയിട്ടില്ലെന്ന കാര്യത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.
സാമ്പത്തിക ക്രമക്കേടിൽ വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന കാര്യം വ്യക്തമായി. വ്യാജ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് തെളിഞ്ഞെന്നും എഫ് ഐ ആറിൽ പറയുന്നു. വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് വിജിലൻസ് എഫ് ഐ ആർ സമർപ്പിച്ചത്. ഈ എഫ് ഐ ആറിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.