ഐഎഎസുകാര്‍ ചേരിപ്പോരില്‍; സര്‍ക്കാര്‍ കുന്തം വിഴുങ്ങി നില്‍ക്കുന്നു!

വ്യാഴം, 19 ജൂണ്‍ 2014 (11:18 IST)
സംസ്ഥാനത്ത് ഐഎഎസുകാര്‍ തമ്മില്‍ പരമ്പരം പോരടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഒരു വഴിക്കും മറ്റ് ഐഎഎസുമാര്‍ മറ്റു വഴിക്കുമാണ് കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. ഇതെല്ലാം കണ്ട് സര്‍ക്കാര്‍ കുന്തം വിഴുങ്ങി നില്‍ക്കുകയാണെന്നും വി.എസ് നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറിക്കെതിരെ രാജുനാരായണ സ്വാമി നല്‍കിയ പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെയാണ് സംസ്ഥാനത്തെ ഐഎഎസുകാര്‍ തമ്മിലുള്ള ചേരിപ്പോര് പുറത്തു വന്നത്. ചീഫ്‌ സെക്രട്ടറിയെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടു കീഴുദ്യോഗസ്ഥനായ രാജു നാരായണ സ്വാമി ഐഎഎസ്‌ അസോസിയേഷന് നല്‍കിയ കത്തിന്റെ പകര്‍പ്പാണ് മാഷ്യമങ്ങള്‍ക്ക് നല്‍കിയത്.

പരാതി നല്‍കിയതിനെതിരെ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഐഎഎസ് അസോസിയേഷന് പരാതി നല്‍കിയതും അതിന്റെ പകര്‍പ്പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതും അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെ മന്ത്രിസഭാ യോഗം ചുമലതപ്പെടുത്തി.

2007 ല്‍ മൂന്നാര്‍ ദൗത്യം നടക്കവേ ചില റിസോര്‍ട്ടുകള്‍ പൊളിക്കുന്നതില്‍നിന്ന്‌ ഒഴിവാക്കണമെന്നു കേന്ദ്രസര്‍ക്കാരില്‍ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കി വന്ന സമയത്തു ഇകെ ഭരത്ഭൂഷണ്‍ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നും അതു നടത്തിക്കൊടുക്കാത്തതിന്റെ വൈരാഗ്യം ഇപ്പോള്‍ തീര്‍ത്തുവരികയാണെന്നുമാണു രാജു നാരായണസ്വാമി കത്തില്‍ ആരോപണമുന്നയിച്ചത്‌.


 

വെബ്ദുനിയ വായിക്കുക