കെപിസിസി പ്രസിഡന്റ് സമാന്തര ഭരണസംവിധാനമായി പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി
കെപിസിസി പ്രസിഡന്റ് വി എം സുധീരനെ വിമര്‍ശിച്ച് ഹൈക്കോടതി. കെപിസിസി പ്രസിഡന്റ് സമാന്തര ഭരണസംവിധാനമായി പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. രണ്ടാഴ്ചയ്ക്കകം ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാനും കോടതി മരട് നഗരസഭയോട് നിര്‍ദ്ദേശിച്ചു.
ഡീലക്സ് ഹോട്ടലായ ക്രൗണ്‍പ്ളാസ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും നഗരസഭ അത് തള്ളിയിരുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണെന്ന് നഗരസഭ കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കുലര്‍ ഇറക്കിയത് കെപിസിസിയാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. നിയമവിരുദ്ധ ഇടപെടല്‍ ശരിയല്ലെന്നു പറഞ്ഞ ഹൈക്കോടതി കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ അനുസരിക്കാനുള്ള ബാധ്യത നഗരസഭയ്ക്കില്ലെന്നും പറഞ്ഞു.