കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഒരുമാസത്തിനുളളില്‍ സി‌ബി‌ഐ ഏറ്റെടുക്കണം: സിബിഐ നിലപാട് തള്ളി ഹൈക്കോടതി

ബുധന്‍, 12 ഏപ്രില്‍ 2017 (11:26 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. നേരത്തെ, കരള്‍ രോഗമായിരുന്നു മണിയുടെ മരണത്തിന്  കാരണമായതെന്നും കേസ് അന്വേഷണം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് തളളിയാണ് ഒരുമാസത്തിനുളളില്‍ തന്നെ അന്വേഷണം ഏറ്റെടുക്കണമെന്ന കര്‍ശന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
 
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരസെക്രട്ടറി ഉതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുകയും അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു സിബിഐ. 
 
ഇതിനുശേഷമായിരുന്നു 2017 ഏപ്രില്‍ ആദ്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കലാഭവന്‍മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട്റ്റത്. അതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് എത്തിയത്. 2016 മാര്‍ച്ച് ആറിനാണ് മണി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചാലക്കുടി പുഴയോരത്തുള്ള മണിയുടെ ഔട്ട് ഹൗസായിരുന്ന ‘പാടി’യിലാണ്  അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മണിയുടെ ആന്തരികാവയവങ്ങളില്‍ വ്യാജമദ്യത്തിന്റേയും കീടനാശിനിയുടെയും സാന്നിദ്ധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിയുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക