ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിര്‍മ്മാതാവ് സജി മോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് നാല് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തടയണമെന്നാവശ്യപ്പെട്ട് സജിമോന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി. 2019 ഡിസംബര്‍ 31 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മീഷന്‍ നിയമിക്കുന്നത്.