സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമായി ലഘുമേഘവിസ്‌ഫോടനം. അതിശക്തമായ കാറ്റിലും മഴയിലും മൂന്ന് ജില്ലകളില്‍ വന്‍ നാശനഷ്ടം. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എറണാകുളത്ത് കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പത്തനംതിട്ട ജില്ലയിലെ അയിരൂര്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടം ഉണ്ടായി. പത്തനംതിട്ടയില്‍ ചുഴലിക്കാറ്റുണ്ടായി. നൂറിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അന്‍പതിലധികം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരംവീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്. പത്തനംതിട്ടയില്‍ അയിരൂര്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളില്‍ നൂറിലധികം വീടുകള്‍ക്ക് കേടുപാടുണ്ടായി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരത്തിനു സമീപമായി ഇന്നലെ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.