വരുംദിവസങ്ങളിലും ശക്തമായ മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിങ്കള്‍, 19 ജൂലൈ 2021 (08:07 IST)
സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20 നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. 2021 ജൂലൈ 18  മുതല്‍  22 വരെ  കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ജൂലൈ 19  രാത്രി 11.30 വരെ 2.5  മുതല്‍ 3.3  മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍