ചൂടുകൂടുന്നു; തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 മാര്‍ച്ച് 2024 (09:21 IST)
വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ തീപിടിത്തങ്ങളുടെ വാര്‍ത്തകളും മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനല്‍ക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലര്‍ത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങള്‍ക്ക് കാരണമാകുന്നത്.
 
തീപിടിത്തങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. ചപ്പുചവറുകള്‍ കത്തിച്ചശേഷം തീ പൂര്‍ണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക.
- തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ തീ കൂട്ടരുത്.
-വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക..
-മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
- പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
- ഇലക്ട്രിക്ക് ലൈനുകള്‍ക്ക് താഴെ തീ കൂട്ടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. രാത്രിയില്‍ തീയിടാതിരിക്കുക.
- അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്ന്
 തീ പടരുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അത്തരം അശ്രദ്ധ ഒഴിവാക്കുക.
- സ്ഥാപനങ്ങള്‍ക്കുചുറ്റും ഫയര്‍ലൈന്‍ ഒരുക്കുകയും സ്ഥാപനങ്ങളില്‍ കരുതിയിരിക്കുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്ത സജ്ജമെന്ന് ഉറപ്പാക്കുകയും ചെയ്യുക.
- പാചകം കഴിഞ്ഞാലുടന്‍ സ്റ്റൗവിന്റെ ബര്‍ണറും പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്ററും ഓഫാക്കുക.
- അഗ്‌നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോള്‍ കൃത്യമായ സ്ഥലവിവരങ്ങളും ഫോണ്‍ നമ്പറും നല്‍കുക.
- വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. വൈദ്യുതോപകരണങ്ങളില്‍ തീ പിടിക്കുമ്പോള്‍ വെള്ളം ഉപയോഗിച്ച് കെടുത്താന്‍ ശ്രമിക്കരുത്.
- കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദസഞ്ചാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്.
- അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വെള്ളം കരുതിയിരിക്കുക.
- തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ 112 ല്‍ പോലീസിനെ അറിയിക്കാം. ഫയര്‍ഫോഴ്സ് നമ്പര്‍ - 101

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍