കോട്ടണ്‍ ഹില്‍ സ്കൂള്‍ പ്രഥമാധ്യാപിക ഖേദം പ്രകടിപ്പിച്ചു

വെള്ളി, 27 ജൂണ്‍ 2014 (13:40 IST)
കോട്ടണ്‍ ഹില്‍ സ്കൂള്‍ പ്രഥമാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ പ്രഥമാദ്ധ്യാപിക തന്നെ ഖേദപ്രകടനവുമായി രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രഥമാദ്ധ്യാപിക കെ കെ ഊര്‍മ്മിള നല്‍കിയ പരാതിയിലാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി എത്തിയപ്പൊള്‍ ഗേറ്റ് അടച്ചിരുന്നില്ലെന്നും ഉച്ച ഭക്ഷണ സമയമായതിനാല്‍ കുട്ടികള്‍ സ്കൂള്‍ പരിസരത്തില്‍ നിന്ന് പുറത്തുപോകാതിരിക്കാനാ‍യിരുന്നു അങ്ങനെ ചെയ്തതെന്ന് ഊര്‍മ്മിള ചൂണ്ടിക്കാട്ടി. തന്റെ പ്രവര്‍ത്തിയില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

തന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് വിവരിക്കുന്ന പരാതിയില്‍ തന്നെ തിരികെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ എത്താനായി അനുവദിക്കണമെന്നും സത്യാവസ്ഥ പൊതുജനത്തേയും കുട്ടികളേയും ബോധ്യപ്പെടുത്താന്‍ അത് അത്യാവശ്യമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

അധ്യാപിക അപ്പീല്‍ നല്‍കിയാല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനേ തുടര്‍ന്ന് വി ശിവന്‍കുട്ടി എം‌എല്‍‌എക്കൊപ്പമായിരുന്നു അദ്ധ്യാപിക മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ എത്തിയത്. നിയമ സഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു പരാതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക