പാർട്ടി സമ്മേളനത്തിന് മൂക്കയറിട്ട് ഹൈക്കോടതി: കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക്

വെള്ളി, 21 ജനുവരി 2022 (17:15 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ക്കോട് ജില്ലയിൽ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി. പൊതുസമ്മേളനങ്ങൾ വിലക്കികൊണ്ട് വ്യാഴാഴ്‌ച  ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഇത് പിൻവലിച്ചിരുന്നു.ഇത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ്  കോടതിയുടെ ഇടക്കാല ഉത്തരവ്. 
 
സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം. ഒരാഴ്‌‌ച്ചത്തേക്കാണ് ഇടക്കാല ഉത്തരവിന് പ്രാബല്യം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
 
കൊവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ തുടരുന്നതില്‍ വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സമ്മേനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.ഇതിനിടെ ജില്ലാ സമ്മേളനങ്ങള്‍ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാന്‍ സിപിഎം തീരുമാനിച്ചു.കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങളാണ് വെട്ടിച്ചുരുക്കുക. രണ്ടിടത്തും സമ്മേളനം നാളെ അവസാനിപ്പിക്കും. തൃശൂരില്‍ വെര്‍ച്വല്‍ പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍