ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 11 ജനുവരി 2023 (19:43 IST)
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം.
 
സ്വാമി അയ്യപ്പന്‍ അടക്കമുള്ള 85 സിനിമകള്‍ക്ക് തിരകഥയും സംഭാഷണവും രചിച്ചും ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങള്‍ എന്നീ ആല്‍ബങ്ങളിലൂടെയും ഗാനരചയിതാവായി ശ്രദ്ധേയനാണ് ശ്രീകുമാരന്‍ തമ്പി 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' 'ഉഷസന്ധ്യകള്‍ തേടിവരുന്നു' 'അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍' എന്നിവ അദ്ദേഹം രചിച്ചു ഭക്തിഗാനങ്ങളില്‍ ശ്രദ്ധേയമാണ്.
 
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മകരവിളക്ക് ദിവസമായ ജനുവരി 14 ന് രാവിലെ എട്ടിന് സന്നിധാനം ആഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും.
 
പ്രശസ്ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു കഅട, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍