നിവേദ്യം അശുദ്ധമാകും, മാറി നില്‍ക്കണമെന്ന് ഗുരുവായൂർ തന്ത്രി; ഈ നിര്‍ദേശം ഏത് തന്ത്ര പുസ്‌തകത്തിലെന്ന് ചോദിച്ച് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍

ബുധന്‍, 26 ജൂണ്‍ 2019 (14:04 IST)
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസിനോട് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞെന്ന് പരാതി.  ഇതേച്ചൊല്ലി ക്ഷേത്രത്തിനുള്ളില്‍ തന്ത്രിയും ചെയര്‍മാനും തമ്മില്‍ വാഗ്വാദം നടന്നെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞത്.വാതില്‍മാടത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇറങ്ങിനില്‍ക്കാന്‍ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു എന്നാണ് പരാതി. 
 
ചടങ്ങിന് ശേഷം മാറ്റി നിര്‍ത്താന്‍ കാരണം എന്താണെന്ന് ചെയര്‍മാന്‍ തന്ത്രിയോട് ചോദിച്ചു. നിവേദ്യം അശുദ്ധമാകും എന്നതുകൊണ്ടാണ് മാറിനില്‍ക്കാന്‍ പറഞ്ഞത് എന്നായിരുന്നു തന്ത്രിയുടെ മറുപടി. 
 
അത് ഏത് തന്ത്രപുസ്തകത്തിലാണുള്ളതെന്ന് ചെയര്‍മാന്‍ തിരിച്ചു ചോദിച്ചു. ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ ആരോപിച്ചു. ഇതിനിടെ തര്‍ക്കം ഉച്ചത്തിലായി. ഭക്തര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായതോടെ ഇരുവരും ശാന്തരാകുകയായിരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍