മദ്യവിപത്തില്‍ നിന്നും നാടിനെ രക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി കെ.സി.ജോസഫ്
വെള്ളി, 2 ജനുവരി 2015 (18:24 IST)
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിവരപൊതുജനസമ്പര്‍ക്ക-സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്. ലഹരിമുക്ത ഐശ്വര്യ കേരളം ലക്ഷ്യമിട്ട് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന നാടിനും വീടിനും നന്മയ്ക്കായ് സംസ്ഥാന കലാജാഥയുടെ ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമുള്ള സമൂഹം, ഐശ്വര്യമുള്ള കുടുംബം എന്നിവയുടെ സൃഷ്ടിക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണത്തിലൂടെ കേരളത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞതുപോലെ മദ്യത്തിന്റെ ഉപഭോഗം കുറയുമെന്നും മന്ത്രി പറഞ്ഞു. ലഹരിയില്‍ നിന്നുള്ള മോചനം നിയമം മൂലം നടപ്പാക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണമെന്നും മന്ത്രി പറഞ്ഞു. കലാജാഥാ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിച്ചു.
ലഹരിമുക്തമായ സമൂഹസൃഷ്ടിക്കായി സര്‍ക്കാര്‍ യത്‌നിക്കുമെന്ന് അധ്യക്ഷനായിരുന്ന ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഈ ബോധവത്കരണത്തിലൂടെ കേരളത്തിലെ 55 ലക്ഷം ഭവനങ്ങളിലേക്ക് ലഹരിമുക്ത ഐശ്വര്യകേരളം എന്ന സന്ദേശം വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.