മത-സാമുദായിക സംഘടനകളില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വിട്ടുനില്‍ക്കണം
ശനി, 30 ഓഗസ്റ്റ് 2014 (17:53 IST)
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേല്‍ പിടിമുറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി വരുത്തി. നിലവിലുള്ള നിയമത്തില്‍ പരമിധികളുണ്ടെന്ന തിരിച്ചറിവാണ് ഭേദഗതിയിലേക്ക് എത്തിച്ചത്. ഇതുപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ മത-സാമുദായിക സംഘടനകളില്‍ അംഗങ്ങളാകുന്നതിനും സംഘടനകള്‍ക്ക് വേണ്ടിയോ ട്രസ്റ്റുകള്‍ക്ക് വേണ്ടിയോ ജീവനക്കാര്‍ പിരിവ് നടന്നുതിനും വിലക്ക് വരും.
ട്രസ്റ്റുകള്‍, ജീവകാരുണ്യ സംഘടനകള്‍ എന്നിവയില്‍ അംഗമാണെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കണം. ആവശ്യപ്പെടുന്നതനുസരിച്ച് അംഗത്വവും ഭാരവാഹിത്വവും രാജിവെക്കണമെന്നും പെരുമാറ്റചട്ടത്തില്‍ ആവശ്യപ്പെടുന്നു. 1960ലെ സര്‍ക്കാര്‍ പെരുമാറ്റച്ചട്ടത്തിന്റെ നാല്‍പ്പതാം വകുപ്പിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതു പ്രകാരം ജീവനക്കാര്‍ക്ക് രാഷ്ട്ര്രിയ പാര്‍ട്ടികളില്‍ അംഗങ്ങളാകുന്നതില്‍ നിന്നുമാത്രമാണ് വിലക്കുണ്ടായിരുന്നത്.
സാമൂഹിക, ക്ഷേമ, ശാസ്ത്ര, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നായിരുന്നു ഇതിലുള്ള മറ്റൊരു വ്യവസ്ഥ. പക്ഷേ, പ്രവര്‍ത്തനങ്ങള്‍ പൊതുതാല്‍പര്യത്തിന് എതിരാണെന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പിന്‍മാറണമെന്നും ചട്ടമുണ്ട്.
എന്നാല്‍ ജാതിമതസമുദായ സംഘടനകളുടെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നതിനെക്കുറിച്ച് ചട്ടത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇത് കാരണം പല സാമുദായിക സംഘടനകളിലും അംഗങ്ങളായിരിക്കുന്ന ജീവനക്കാര്‍ സ്വന്തക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. വ്യാപക പരാതിക്കിടയാക്കുന്ന രീതിയിലേക്ക് എത്തിയതിനാലാണ് പുതിയ നിയമത്തില്‍ ഈ പഴുതും അടച്ചത്.