വികസനത്തിന് ഗെയില്‍ പദ്ധതി അനിവാര്യം: മുഖ്യമന്ത്രി

ബുധന്‍, 29 ഒക്‌ടോബര്‍ 2014 (17:25 IST)
സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഗെയില്‍ പദ്ധതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുച്ചേര്‍ത്ത പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഗെയില്‍ പാചക വാതക പദ്ധതിയുടെ ഭാഗമായി എറണാകുളം സിറ്റി ഗ്യാസ് പദ്ധതി ഉടന്‍ നടപ്പാക്കും. നവംബറില്‍ പദ്ധതിയുടെ ടെണ്ടര്‍ ഉറപ്പിക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്നുള്ള വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കുമടക്കം പൈപ്പ്‌ലൈന്‍ വഴി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകുകയുള്ളു. ഗെയില്‍ പദ്ധതി സംബന്ധിച്ച് ജനപ്രതിനിധികള്‍ മുന്നോട്ടുവച്ച ആശങ്കകള്‍ സര്‍ക്കാര്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ശേഷം പൈപ്പ് ലൈന്‍ മംഗലാപുരത്തേക്കും വാളയാറിലേക്കും നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും. വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകത്തിനും വൈദ്യുതിയ്ക്കുമെല്ലാം അപകടസാധ്യതയുണ്ട്. കരുതലോടെയും ജാഗ്രതയോടെയും അവ കൈകാര്യം ചെയ്താല്‍ അപകട സാധ്യത ഉണ്ടാവില്ല. കൊച്ചിയില്‍ വീടുകളിലും ഫ്‌ളാറ്റുകളിലും കണക്ഷന്‍ നല്‍കിയ ശേഷം അതിന്റെ പ്രവര്‍ത്തന പുരോഗതി നേരിട്ട് കാണാന്‍ സാഹചര്യമൊരുക്കണമെന്ന് യോഗത്തിലുയര്‍ന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക