വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദീകന്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ തോമസ് താന്നിനില്‍ക്കും തടത്തില്‍ (44) ആണ് കീഴടങ്ങിയത്. വൈക്കം കോടതിയിലായിരുന്നു കീഴടങ്ങല്‍.
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്നാണ് വൈദികനെതിരായ പരാതി. ഫാദര്‍ തോമസ് നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ചയാണ് 42 വയസുള്ള വിദേശ വനിത കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ഫേസ്‌ബുക്കിലൂടെയാണ് തോമസുമായി പരിചയത്തിലായതെന്നും ജനുവരി ഏഴിന് പെരുംതുരുത്തിയില്‍ എത്തിയ ശേഷം പള്ളിമേടയിലും ഹോട്ടലിലും എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
വിദേശത്തേക്കു തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലിൽ വച്ച് വീണ്ടും കണ്ടതായും സ്വർണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടൽ മുറി പൂട്ടി തോമസ് കടന്നുകളഞ്ഞെന്നും മൊഴിയിൽ പറയുന്നു. കടുത്തുരുത്തി പൊലീസ് കേസെടുത്തു. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.
ബംഗ്ലാദേശാണ് സ്വദേശമെങ്കിലും ഇംഗ്ലണ്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് പൗരത്വവുമുണ്ട്. പീഡന വിവരം പുറത്തുവന്നതിനാല്‍ പള്ളി വികാരിസ്ഥാനത്തുനിന്നും ഔദ്യോഗികമായ എല്ലാ കൃത്യ നിർവഹണങ്ങളിൽനിന്നും തോമസിനെ പാലാ രൂപതാ നീക്കം ചെയ്‌തിരുന്നു.
അതേസമയം, കള്ളക്കേസിൽ കുടുക്കി അപമാനിക്കുന്നതിനാണു യുവതിയുടെ ശ്രമമെന്ന് തോമസ് പറഞ്ഞു.