ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: കൊച്ചി കോര്‍പ്പറേഷനിലെ സമരം ഒത്തുതീര്‍ന്നു
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (09:51 IST)
ഫോര്‍ട്ട് കൊച്ചി ബോട്ടപകടവുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിനഗരസഭയിലെ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ലെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കി. ഒപ്പം അപകടത്തില്‍പ്പെട്ടവര്‍ക്കുളള നഷ്ടപരിഹാരം ഉടന്‍ നല്‍കാനും തീരുമാനമായതായി തിരുവഞ്ചൂര്‍ അറിയിച്ചു.
സമരക്കാരുടെ പ്രധാന ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് കോടതിവിധി വന്നതിന് ശേഷം തീരുമാനിക്കാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളെല്ലാംതന്നെ സര്‍ക്കാര്‍ പരിഗണിച്ചുവെന്നും അതിനാല്‍ സമരം പിന്‍വലിക്കുകയാണെന്നും സമരക്കാരെ പ്രതിനിധീകരിച്ചെത്തിയ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി പി.രാജീവ് വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ടവര്‍ക്കുളള നഷ്ടപരിഹാരതുക ഉയര്‍ത്തണമോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും സുരക്ഷാപരിശോധന ഉടന്‍ നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ഫോര്‍ട്ട് കൊച്ചി ബോട്ടപകടവുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭയില്‍ നിരാഹാരമിരുന്ന പ്രതിപക്ഷ കൌണ്‍സിലര്‍മാരെ വ്യാഴാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. പ്രതിപക്ഷ കൌണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ്, ശ്രീജിത്ത് എന്നിവരെയാണു പൊലീസ് കൌണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ നിന്നും അറസ്റ്റ് ചെയ്തു നീക്കിയത്.