ഇൻകംടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 9 മെയ് 2022 (22:18 IST)
തിരുവനന്തപുരം: ഇൻകംടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞു തൊഴിൽ വാഗ്ദാനം നടത്തി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. വെള്ളായണി പാലപ്പൂര് സ്വദേശി ഷിബിൻ രാജ് എന്ന മുപ്പത്തിനാലുകാരനാണ് പതിമൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ശ്രീകാര്യം സ്വദേശിയിൽ നിന്ന് പലപ്പോഴായാണ് ഇയാൾ ഈ തുക തട്ടിയെടുത്തത്.

ഡൽഹിയിൽ താൻ ഇൻകംടാക്‌സിൽ ഉയർന്ന ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പു നടത്തിയത്. ഇതിനായി വ്യാജ ഐ.ഡി കാർഡുകളും ഉപയോഗിച്ച് ഇയാൾ പലർക്കും വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

പാളയത്തുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാൾ ആ പരിചയം വച്ചായിരുന്നു നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത്. ഇയാൾക്കെതിരെ മുമ്പ് തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ പതിനഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. മറ്റു പലരിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍