സമ്പൂര്‍ണ വെടിക്കെട്ട് നിരോധനം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഡിജിപി

ബുധന്‍, 13 ഏപ്രില്‍ 2016 (13:36 IST)
സംസ്ഥാനത്ത് സമ്പൂര്‍ണ വെടിക്കെട്ട് നിരോധനം നടപ്പാക്കണമെന്ന് ഡി ജി പി ടിപി സെന്‍ കുമാര്‍. വ്യാഴാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഡി ജി പി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനോട് ആവശ്യപ്പെട്ടു. കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസ് നീക്കം.
 
വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് അപകടങ്ങൾ കുറക്കാനിടയാക്കുമായിരിക്കും. എന്നാൽ,എത്ര തന്നെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നാലും വെടിക്കെട്ടിൽ അപകടസാധ്യത ഏറെയാണെന്നും ഈ സാഹചര്യത്തില്‍ അപകടം ഒഴിവാക്കണമെങ്കിൽ സമ്പൂർണ വെടിക്കെട്ട് നിരോധനം ഏർപ്പെടുത്തുകയേ വഴിയുള്ളൂവെന്ന് ഡി ജി പി റിപ്പോർട്ടിൽ വ്യക്തമാക്കി.
 
അതേസമയം, വെടിക്കെട്ട് നിരോധവുമായി ബന്ധപ്പെട്ട് ഹൈകോടതിലെ കേസിൽ തൃശൂർ പൂരത്തിന്റെ മുഖ്യസംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ കക്ഷി ചേരും. പൂരത്തെ വെടിക്കെട്ട് നിരോധത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം.

വെബ്ദുനിയ വായിക്കുക