വളയിട്ട കൈകള്‍ അടുപ്പിലെ തീമാത്രമല്ല, നാട്ടിലെ തീയും ഇനി അണയ്ക്കും

ശനി, 7 മാര്‍ച്ച് 2015 (17:00 IST)
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഫയര്‍ഫോര്‍സ് സേനയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. ജൂനിയര്‍ ഫയര്‍ഫെറ്റര്‍(ഫയര്‍വിമണ്‍), സ്റ്റേഷന്‍ ഓഫീസര്‍ തസ്തികകളിലേക്കാണ് ആദ്യഘട്ടത്തില്‍ വനിതകളെ പരിഗണിക്കുന്നത്. പ്രയാസമേറിയ ജോലി എന്ന നിലയിലാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിലേക്ക് വനിതകളെ പരിഗണിക്കാതിരുന്നത്. എന്നാല്‍ അതിര്‍ത്തി രക്ഷാസേന ഉള്‍പ്പടെ യുദ്ധരംഗത്തേക്ക് പോകാനുള്ള സൈന്യത്തിന്റെ ഭാഗമായും സ്ത്രീകളെ പരിഗണിച്ചതോടെ അഗ്നിശമന സേനയില്‍നിന്ന് വനിതകളെ മാറ്റി നിര്‍ത്തേണ്ടതില്ല എന്നാണ് അഭ്യന്തരവകുപ്പ് സര്‍ക്കാരിനൊട് പറഞ്ഞിരിക്കുന്നത്.
 
ഇതിനായുള്ള ശുപാര്‍ശ വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഫയര്‍ഫോഴ്സില്‍ ആകെയുള്ള തസ്തികകളില്‍ പത്തുശതമാനം വനിതകള്‍ക്കായി നീക്കിവയ്ക്കാനാണ് ശുപാര്‍ശ. സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉറപ്പാക്കിയ സാഹചര്യത്തില്‍ വനിതകളെ ഫയര്‍ഫോഴ്സില്‍ നിയമിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ഫയര്‍ഫോഴ്സ് കമാന്‍ഡന്റ് ജനറല്‍ പി. ചന്ദ്രശേഖര്‍ ആഭ്യന്തരവകുപ്പിന് നല്‍കിയ ശിപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തരവകുപ്പും വ്യക്തമാക്കി.
 
പോലീസ്, ജയില്‍, എക്സൈസ് വകുപ്പുകളില്‍ ഇപ്പോള്‍ വനിതാ പ്രാതിനിധ്യമുണ്ട്. ഒരു ഡിപ്പാര്‍ട്ട്മെന്റിലെ പ്രത്യേക തസ്തികയില്‍ മാത്രം സ്ത്രീകളെ നിയമിക്കാത്തത് സംബന്ധിച്ച് വനിതാ നേതാക്കളും, യൂത്ത് കമ്മീഷനും സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.  ഇതും സര്‍ക്കാര്‍ പരിഗണിച്ചു. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഫയര്‍ഫോഴ്സില്‍ എക്സിക്യൂട്ടീവ് തസ്തികകളില്‍ ഇപ്പോള്‍ വനിതകളെ നിയമിക്കുന്നുണ്ട്.  ഈ പട്ടീകയിലേക്ക് ഇനി കേരളവും എത്തും. റിക്രൂട്ട്‌മെന്റ് നടക്കുന്നതോടെ മൂന്നൂറോളം വനിതകള്‍ക്ക് പ്രാരംഭഘട്ടത്തില്‍ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക