ഫിറോസ് കുന്നം‌പറമ്പിലിനെതിരെ കേസ്; അന്വേഷണം ആരംഭിച്ചു

ചിപ്പി പീലിപ്പോസ്

ശനി, 2 നവം‌ബര്‍ 2019 (14:42 IST)
സോഷ്യൽ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷിന്റെ പരാതിയിലാണ് അന്വേഷണം. 
 
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് ആഷിഷ് പരാതി നൽകിയിരിക്കുന്നത്. ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. ഫിറോസ് സ്ഥിരമായി ഇവിടെ താമസിക്കുന്നതിനാലാണ് ആലത്തൂരില്‍ കേസെടുത്തത്.
 
ഫിറോസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച ജസ്‌ല എന്ന യുവതിക്കെതിരെ ഇയാൾ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഷിഷ് പരാതി നല്‍കിയത്. ഈ സംഭവത്തിൽ കെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു.
 
വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നുമായിരുന്നു ഫിറോസ് യുവതിയെ വിളിച്ചാക്ഷേപിച്ചത്. താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയില്‍ ഉള്ളതെന്നും ജസ്‌ല പറഞ്ഞിരുന്നു.
 
സംഭവത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ മാപ്പ് പറഞ്ഞിരുന്നു. വേശ്യാ പരാമര്‍ശം പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണെന്നും അത്തരമൊരു വാക്ക് താന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു.
ഏതായാലും സ്വയം പ്രഖ്യാപിത നന്മമരത്തിന് പിടിവീഴുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍