റേഷന്‍ കടക്കാരുടെ തിരിമറി ഇനി നടക്കില്ല; റേഷന്‍ വാങ്ങാന്‍ വിരലടയാളം നിര്‍ബന്ധമാക്കുന്നു

ശനി, 16 ജൂലൈ 2016 (07:44 IST)
വിരലടയാളം സ്വീകരിച്ച് റേഷന്‍ വിതരണം ചെയ്യുന്ന സമ്പ്രദായം സംസ്ഥാനത്ത് മൂന്നുമാസത്തിനകം നിലവില്‍ വരും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 14,267 റേഷന്‍ കടകളിലും ഇതിനായി ബയോമെട്രിക് യന്ത്രം വാങ്ങാന്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു.
 
റേഷന്‍ വിതരണത്തിലെ ക്രമക്കേടും തിരിമറിയും തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മുതിരുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരുകുടുംബത്തിലെ ഏതംഗത്തിനും റേഷന്‍ കടയിലെത്തി ബയോമെട്രിക് യന്ത്രത്തില്‍ വിരലമര്‍ത്തിയാല്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കും. ഏത് റേഷന്‍ കടയില്‍പ്പോയാലും സാധനം വാങ്ങാവുന്ന തരത്തിലുള്ളതാണ് പുതിയ സംവിധാനം.
 
പുതിയസംവിധാനം പൂര്‍ണമായും ഇന്റര്‍നെറ്റ് അധിഷ്ഠിതമാണ്. അതിനാല്‍ തന്നെ ഭക്ഷ്യധാന്യം കാര്‍ഡുടമ വാങ്ങുന്ന നിമിഷംതന്നെ കേന്ദ്രഭക്ഷ്യമന്ത്രാലയത്തിനും സംസ്ഥാന ഭക്ഷ്യവകുപ്പിനും സന്ദേശങ്ങള്‍ ലഭിക്കും. യഥാര്‍ത്ഥ കാര്‍ഡുടമയ്ക്കു തന്നെയാണ് ഭക്ഷ്യധാന്യം ലഭിച്ചതെന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. ഏതെങ്കിലുമൊരു കാര്‍ഡുടമ ഭക്ഷ്യധാന്യം വാങ്ങിയില്ലെങ്കില്‍ തിരിമറി നടത്താനും റേഷന്‍ കടക്കാര്‍ക്ക് ഇതുമൂലം സാധിക്കില്ല. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക