വാഹന പരിശോധനയില്‍ 5.32 ലക്ഷം രൂപ പിഴ

ചൊവ്വ, 7 ജൂലൈ 2015 (13:59 IST)
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്‍.കെ.രവീന്ദ്രനാഥന്‍റെ നേതൃത്വത്തില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 5,32,600 രൂപ പിഴ ഈടാക്കി. 
 
ഹെല്‍മറ്റ് ധരിക്കാത്തതിന് 253 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 54 പേര്‍ക്കെതിരെയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 90 പേര്‍ക്കെതിരെയും നടപടി എടുത്തു. 
 
ഇതിനൊപ്പം അപകടകരമായി വാഹനമോടിച്ചതിന് 73 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയ 26 വാഹനങ്ങള്‍ക്കെതിരെയും നിയമാനുസൃതമല്ലാതെ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിന് 24 വാഹനങ്ങള്‍ക്കെതിരെയും എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് 22 വാഹനങ്ങള്‍ക്കെതിരെയും പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 10 വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷ്വറന്‍സ് ഇല്ലാത്ത 40 വാഹനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ച് പിഴ ഈടാക്കിയത്. 
 
നികുതി അടയ്ക്കാത്ത മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. പത്തനംതിട്ട ആര്‍.ടി.ഒ എബി ജോണും ആലപ്പുഴയില്‍ ആര്‍.ടി.ഒ എം.സുരേഷും പരിശോധന ഏകോപിപ്പിച്ചു.

വെബ്ദുനിയ വായിക്കുക