''മനോവൈകൃതവും വ്യക്തി വൈരാഗ്യവും തകർക്കുന്നത് ഒരു ജീവിതമാണ്, വിവേകവും മനുഷ്വത്വവും കൈമോശം വരാത്ത നിങ്ങളെങ്കിലും ചിന്തിക്കുക'': ശ്രിയ രമേഷ്
ശനി, 19 മാര്‍ച്ച് 2016 (17:23 IST)
തന്റേതെന്ന പേരില്‍ വാട്‌സപ്, ഫേസ്ബുക്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ഫോട്ടോയ്‌ക്കെതിരെ നടി ശ്രീയ രമേഷ് രംഗത്ത്. നടി ശ്രിയ രമേഷും മുന്‍ മന്ത്രി ജോസ് തെറ്റയിലും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോട്ടോക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
നടി ശ്രിയ രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പ്രിയ സഹോദരീ സഹോദരന്മാരെ സുഹൃത്തുക്കളെ,
ഞാന്‍ ശ്രീയാ രമേഷ്. സ്ത്രീകള്‍ക്കെതിരെ ഉള്ള സൈബര്‍ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും ധാരാളമായി നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സെലിബ്രിറ്റികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ മുതല്‍ വീട്ടമ്മമാരും മധ്യവയസ്സ്ക്കരും ഇത്തരം അപവാദങ്ങള്‍ക്ക് ഇരയാകാറുണ്ട്. മനോവൈകൃതം കൊണ്ടോ വ്യക്തി വൈരാഗ്യം കൊണ്ടോ ചിലര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മൂലം അവരും കുടുംബവും അനുഭവിക്കുന്ന വിഷമങ്ങളെകുറിച്ച്, ചിലരെങ്കിലും കടുത്ത ഡിപ്രഷനിലേക്കോ ഒരു വേള ആത്മഹത്യയിലേക്കോ ചെന്നെത്തിപ്പെടുന്നതിനെ കുറിച്ച് ഇത് ചെയ്യുന്നവര്‍ ചിന്തിക്കുവാന്‍ ഇടയില്ലെങ്കിലും വിവേകവും മനുഷ്യത്വവും കൈമോശം വരാത്ത നിങ്ങള്‍ എങ്കിലും ചിന്തിക്കുക.
നിങ്ങള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ ആരെങ്കിലും അയച്ചു തന്നാല്‍ അത് ഫോര്‍വേഡ് ചെയ്യാതിരിക്കുക മാത്രമല്ല അവരെ നിരുത്സാഹപ്പെടുത്തുകയും ഒപ്പം ഗൗരവം ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുക. ഇത്തരം മനോവൈകല്യം ഉള്ളവരുടെ സ്വന്തം വീട്ടില്‍ ഉള്ള അമ്മമാരെയും സഹോദരിമാരെയും സഹോദര പത്നിമാരെയും കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. ഈ വൈകല്യം ഉള്ളവര്‍ക്ക് അവരൊക്കെ കേവലം സ്ത്രീശരീരങ്ങള്‍ മാത്രമാകുമല്ലൊ. രഹസ്യ ക്യാമറകള്‍ വഴിയൊക്കെ അവരുടെ സ്വകാര്യതയിലേക്ക് ഇത്തരക്കാര്‍ കടന്നു കയറാന്‍ മടിക്കില്ല എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്? അപ്രകാരം ചിത്രീകരിക്കുന്ന രംഗങ്ങള്‍ അവര്‍തന്നെയോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലോ മറ്റുള്ളവരില്‍ എത്തിയാല്‍? ഇതൊരു വലിയ സാമൂഹിക പ്രശ്നം തന്നെയാണ്.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാനായി ശരിയായ ബോധവല്‍ക്കരണത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇപ്പോള്‍ ഇതെഴുതുവാന്‍ കാരണം സിനിമ സീരിയല്‍ നടിയായ എനിക്കെതിരെ ഒരു മുന്‍ മന്ത്രിയേയും ചേര്‍ത്ത് തെറ്റിദ്ധാരണ പരത്തുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഞാന്‍ അഭിനയിച്ച അനീസിയ എന്ന സിനിമയുടെ പ്രൊഡ്യൂസറാണ് പ്രസ്തുത ചിത്രത്തില്‍ എനിക്കൊപ്പം ഉള്ളത്. ഏതോ വികലമന്‍സ്കരുടെ പണിയാണതെങ്കിലും ഞങ്ങള്‍ക്ക് അത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഞാന്‍. വിവരം അറിഞ്ഞ് അദ്യം ഒന്ന് അപ്സെറ്റ് ആയെങ്കിലും സഹപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് ലാലേട്ടന്‍ ഒരു ജ്യേഷ്ഠസഹോദരന്റെ പോലെ എന്നെ ആശ്വസിപ്പിച്ചതും എനിക്ക് കരുത്ത് പകരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ഇതിനോടകം സൈബര്‍ സെല്ലില്‍ നേരിട്ട് ചെന്ന് പരാതിപ്പെട്ടിട്ടുണ്ട്. അവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു സ്ത്രീയോടുള്ള കരുതല്‍ എന്ന നിലയിലും ഒപ്പം നിയമനടപടികള്‍ ഒഴിവാകുവാനും ദയവു ചെയ്ത് നിങ്ങള്‍ അത് പ്രചരിപ്പിക്കാതിരിക്കുക. ഇപ്രകാരം അപവാദ പ്രചരണങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് എതിരെ ആണെങ്കില്‍ നിങ്ങള്‍ അത് ഷെയര്‍ ചെയ്യുമോ? അവരുടെ വേദനയെ പറ്റി ഒരു നിമിഷം ചിന്തിക്കുക. ഒരിക്കല്‍ കൂടെ പറയട്ടെ അപവാദ പ്രചരണക്കാര്‍ ഷെയര്‍ ചെയ്യുന്ന ഇത്തരം കെട്ടുകഥകളും ചിത്രങ്ങളും പലപ്പോഴും ഒരു സ്ത്രീയൂടെയും അവരുടെ കുടുമ്പത്തിന്റെയും ജീവിതം തന്നെ തകര്‍ത്തു കളയുന്ന തരത്തിലേക്ക് എത്താവുന്നതാണ് . മാത്രമല്ല ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യം എന്ന് പലരും അറിയുന്നില്ല. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി