പൾസർ സുനിയെ പൊലീസ് മുറയിൽ ചോദ്യം ചെയ്യരുത്, ശാസ്ത്രീയമായും ചോദ്യം ചെയ്യാൻ അനുമതിയില്ല; നെട്ടോട്ടമോടി പൊലീസ്

ബുധന്‍, 1 മാര്‍ച്ച് 2017 (07:45 IST)
കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതികളായ പൾസർ സുനിയേയും വിജീഷിനേയും വേണ്ടരീതിയിൽ ചോദ്യം ചെയ്യാനാകാതെ പൊലീസ് കുഴയുന്നു. സുനിയെ പൊലീസ് മുറയിൽ വെച്ച് ചോദ്യം ചെയ്യരുതെന്നാണ് ഡി ജി പിയുടെ നിർദേശം.
 
അതോടൊപ്പം, പ്രതികളെ ശാസ്ത്രീയപരമായ രീതിയിൽ ചോദ്യം ചെയ്യാനും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പ്രതിയെ പിടികൂടിയ സമയത്ത് നൽകിയ പിന്തുണ ഇപ്പോൾ ഉന്നതഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിന് നൽകുന്നില്ല. അതിനാൽ പൊലീസിനെ വട്ടം ചുറ്റിക്കുകയാണ് സുനി ഇപ്പോൾ.
 
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിന്റെ പിന്നാലെയാണ് പൊലീസ്. മൊബൈൽ ഉപേക്ഷിച്ചെന്ന് പറയുന്ന കായലിൽ അന്വേഷണം പുരോഗമിക്കുകയാണ്. റോഡും കാനയുമെല്ലാം അരിച്ചുപെറുക്കുമ്പോള്‍ നാവികസേന ആഴമേറിയ എറണാകുളം കായലില്‍ മുങ്ങിത്തപ്പുന്നതും ഇതിനുവേണ്ടിതന്നെ. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷിക്കുന്നതും ഈ വെള്ളനിറമുള്ള സാംസങ് മൊബൈല്‍ ഫോണ്‍തന്നെ. നടിയെ ഉപദ്രവിക്കല്‍ കേസ് ഇനി മുന്നോട്ടുപോകണമെങ്കില്‍ ഇത് കിട്ടിയേ തീരൂ. 

വെബ്ദുനിയ വായിക്കുക