റിമാൻഡ് പ്രതി ജയിലിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുവെന്ന് പരാതി

ചൊവ്വ, 28 ജൂണ്‍ 2016 (12:41 IST)
റിമാന്റ് പ്രതി ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുവെന്ന് പരാതി. നിയമസഭയിലേക്കു ഇന്നലെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
 
താന്‍ റിമാന്റിലാണെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ പൊലീസ് അടിച്ചേല്‍പ്പിച്ചാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് റിയാസ് കുറിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസുൾപ്പെടെ ഞങ്ങൾ പത്തോളം പേർ പൂജപ്പുര ജയിലിൽ റിമാൻറിലാണ്. തീർത്തും അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് രാജ് അടിച്ചേൽപ്പിച്ച് തടവിൽ പാർപ്പിച്ചിരിക്കുന്നത് എന്നാണ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
 
റിമാന്റിലുള്ള പ്രതിക്ക് ജയിലില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ നിയമപരമായ ഇളവില്ലെന്നിരിക്കെ റിയാസ് മുക്കോളി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന പോസ്റ്റിനെതിരെയാണ് വിമര്‍ശനമുയരുന്നത്. കണ്ണൂരില്‍ ദളിത് യുവതികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ  പ്രതിഷേധ മാർച്ച് നടന്നത്. 

വെബ്ദുനിയ വായിക്കുക