വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് സ്വകാര്യ ബസുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ബസ് നിരക്കില്‍ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും ബന്ധപ്പെട്ട അതോറിറ്റികള്‍ സമയം രേഖപ്പെടുത്തിയ കണ്‍സെഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് ഇളവ് അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍ വരിയായി നിന്ന് ബസുകളില്‍ കയറണം. വാതില്‍ അടക്കാതെ ബെല്ല് അടിക്കരുത്. കണ്‍സഷന്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കണം. ബസ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.