മാസത്തില്‍ നാലു തവണ മാത്രം ഓഫീസിലെത്തുന്ന അഞ്ജുവിന് പകരം ടിപി ദാസന്‍ പുതിയ പ്രസിഡന്റായേക്കും; നിലവിലെ ഭാരവാഹികളെ പുറത്താക്കും
ശനി, 11 ജൂണ്‍ 2016 (12:18 IST)
കായിക മന്ത്രി ഇപി ജയരാജനുമായി ഏറ്റുമുട്ടിയ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ മാറ്റിയേക്കും. പുതിയ ഭരണസമിതിയെ ഒരാഴ്‌ചയ്‌ക്കകം നിയമിക്കുമെന്നും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലവന്‍ ടിപി ദാസന്‍ പുതിയ പ്രസിഡന്റായേക്കുമെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.
സ്പോര്‍ട്സ് കൌണ്‍സിലെ നിലവിലെ ഭാരവാഹികളെ പുറത്താക്കി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനു പുറമേ സ്പോര്‍ട്സ് ആക്ടില്‍ ഭേദഗതി വരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ബംഗലുരുവില്‍ താമസിക്കുന്ന അഞ്‌ജു 2015 നവംബര്‍ 17 നാണ് സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ഗെയിംസിന്റെ അഴിമതി ആരോപണങ്ങളില്‍ പെട്ടതിന് തൊട്ടു പിന്നാലെയാണ് കഴിഞ്ഞ സര്‍ക്കാര്‍ അഞ്‌ജുവിനെ കൗണ്‍സില്‍ തലപ്പത്ത് കൊണ്ടുവന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തന്റെ പദവിയെ അഞ്‌ജു കാര്യമായി ഗൗനിച്ചില്ല. നാലു തവണ മാത്രമാണ് ഓഫീസില്‍ എത്തിയത്.