തെരഞ്ഞെടുപ്പ് തോൽവി; നേതൃത്വനിരയിൽ പാളിച്ചകൾ സംഭവിച്ചു, യു ഡി എഫിന് ഒത്തൊരുമയില്ലായിരുന്നു: വി ഡി സതീശൻ

വെള്ളി, 20 മെയ് 2016 (12:15 IST)
നേതൃത്വനിരയിൽ ഒത്തൊരുമയില്ലാതിരുന്നതാണ് കേരളത്തിൽ യു ഡി എഫിനെ തോൽപ്പിച്ചതെന്ന് വി ഡി സതീശൻ. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം ആരും പാലിക്കാത്തതാണ് വൻപരാജയത്തിൽ കലാശിച്ചതെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് കൂടിയായ സതീശൻ പറഞ്ഞു. പറവൂർ മണ്ഡലത്തിൽനിന്നും ജനവിധി തേടിയ സതീശൻ കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം കണ്ടിരുന്നു.
 
അഴിമതി ആരോപണങ്ങളാൾ ചൂട് പിടിച്ച് കിടക്കുകയായിരുന്നു സർക്കാർ. ഭരിക്കുന്ന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്ന സമൂഹമാണ് ഇന്നത്തേത്. വർഗീയതയ്ക്കെതിരെ നടപടികൾ സ്വീകരിക്കാത്തതും സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉണ്ടായ കാലതാമസവും തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിലുണ്ടാകാൻ പോകുന്ന പൊട്ടിത്തെറിയുടെ ആദ്യ സൂചനയാണിത്.
 
അതേസമയം, പാർട്ടി നേതാക്കളുടെ പിന്തുണ ഇല്ലാതിരുന്നതാണ് തൃശൂർ മണ്ഡലത്തിൽ ജയിക്കാൻ കഴിയാത്തത് എന്ന ആരോപണവുമായി യു ഡി എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. അതോടൊപ്പം, വടക്കാഞ്ചേരിയിലെ യു ഡി എഫ് നേതാവ് അനിൽ അക്കരയും സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക