പരാജയത്തിൽ ഷോക്കില്ല, അപ്രതീക്ഷിത തോൽവിയിൽ വിഷമം: ആന്റണി

ശനി, 7 നവം‌ബര്‍ 2015 (17:46 IST)
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ അപ്രതീക്ഷിത തോൽവിയിൽ വിഷമം ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. പരാജയത്തിൽ തനിക്ക് ഷോക്കില്ല. അടിയൊഴുക്കുകൾ ഉണ്ടായിട്ടുള്ളതിനാല്‍ തോൽവിയെ കുറിച്ച് വിശദമായി പരിശോധിക്കും. തുടർച്ചയായ ജയങ്ങളിലൂടെയുണ്ടായ ആത്മവിശ്വാസം തിരിച്ചടിയായെന്നും ആന്റണി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പാളിച്ചകളും അടിയൊഴുക്കുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഭവിച്ചത് എന്ന നിഗമനത്തിൽ ഇപ്പോൾ എത്താനാവുന്നില്ല. അവസാന ആഴ്‌ചകളിലെ അടിയൊഴുക്കുകൾ പരിശോധിക്കേണ്ടതാണ്. എന്നാല്‍, തെരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുത്ത് നിലപാടുകൾ മാറ്റാൻ യുഡിഎഫ് ഒട്ടും മടിക്കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതിനേക്കാള്‍ മികച്ച വിജയം ആയിരുന്നു പ്രതീക്ഷിച്ചത്. തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. അത് തന്റെ ഒരു വിശ്വാസമാണ്. അധികാരത്തിലിരിക്കുന്ന കക്ഷിക്ക് സര്‍ക്കാരിനോടുള്ള സമീപനം മനസ്സിലാക്കുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന നാലു തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്രാവശ്യത്തെ വിധിയെഴുത്ത് വ്യത്യസ്തമാണ്. പരാജയത്തിനുള്ള കാരണങ്ങളെക്കുറിച്ച് പഠിക്കും, അത് പരിശോധിക്കും, പാര്‍ട്ടി തലത്തില്‍ മുന്നണി തലത്തില്‍ ആവശ്യമായ തിരുത്തലുകള്‍ സ്വീകരിക്കും,ആ കാര്യങ്ങളില്‍ യു ഡി എഫിന് ഒരു സമീപനമുണ്ട്, ജയിക്കുന്ന തെരഞ്ഞെടുപ്പു പോലെ തന്നെ പ്രധാനമ്മാണ് തോല്‍ക്കുന്ന തെരഞ്ഞെടുപ്പുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നു. പരാജയത്തിനുള്ളാ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമുള്ള നടപടികള്‍ സര്‍ക്കാര്‍, പാര്‍ട്ടി, മുണി തലത്തില്‍ സ്വീകരിക്കും. ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ആകെ തകര്‍ന്നു എന്ന വാര്‍ത്തകളുണ്ട്. എന്നാല്‍, യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2010ലെ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍ വിജയത്തിന്റെ കാര്യത്തില്‍ കുറവുകള്‍ വന്നിട്ടുണ്ട്. എന്നാല്‍, 2005 ലേതുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ ഭേദമാണ്. എല്‍ ഡി എഫ് തരംഗം എന്നൊക്കെ പറയുന്നത് കേട്ടു. എന്നാല്‍, 2010ല്‍ ഇതിനേക്കാള്‍ സീറ്റ് യു ഡി എഫ് നേടിയപ്പോള്‍ ആരും യു ഡി എഫ് തരംഗം എന്നു പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ഈ വിധി മുന്നറിയിപ്പായി എടുക്കുന്നു. ഉള്‍ക്കൊള്ളുന്നു, അതനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങളും സമീപനങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കും. ജനപിന്തുണ അതിലൂടെ ആര്‍ജ്ജിക്കാന്‍ കഴിയും എന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ വിജയത്തിന് അത്ര പ്രാധാന്യം കാണുന്നില്ല. അവര്‍ ഉയര്‍ത്തുന്ന വര്‍ഗ്ഗീയത ഗുരുതരമായി കാണണം. ബി ജെ പിയുടെ വിജയം താല്‍ക്കാലികം മാത്രമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആണ് അട്ടിമറി നടന്നു എന്ന് പറയുന്നത്. എന്നാല്‍ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ വിജയിച്ച വാര്‍ഡുകളേക്കാള്‍ കുറഞ്ഞ വാര്‍ഡുകളിലാണ് ബി ജെ പി ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. യു ഡി എഫ് എന്നും ജനവികാരം മാനിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക