ഏഴു ജില്ലകളിൽ ഇന്നു കൊട്ടിക്കലാശം; വോട്ടെടുപ്പ് വ്യാഴാഴ്‌ച
ചൊവ്വ, 3 നവംബര്‍ 2015 (08:13 IST)
മധ്യകേരളത്തിലെ ഏഴ് ജില്ലകളിലെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം.
അഞ്ചിനു തെരഞ്ഞെടുപ്പു നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൊട്ടിക്കലാശത്തോടെ ഇന്നു പ്രചാരണം സമാപിക്കുന്നത്. നാളെ നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ്.
രണ്ടാംഘട്ടത്തില്‍ ആകെ 19,328 പോളിംഗ് സ്ര്‌റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ 12,651 വാർഡുകളിലേക്കു 44,388 സ്ഥാനാർഥികളാണു ജനവിധി തേടുക. ഒന്നാംഘട്ടത്തിൽ ഏഴു ജില്ലകളിലെ 9220 വാർഡുകളിലായി 31,161 സ്ഥാനാർഥികളാണുണ്ടായിരുന്നത്. പുതിയതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികളും രണ്ടാംഘട്ട പ്രചരണം നടക്കുന്നവയില്‍ ഉള്‍പ്പെടുന്നു. തൃശൂരില്‍ 55ഉം കൊച്ചിയില്‍ 74 വാര്‍ഡുകളും ഉള്‍പ്പെടുന്നു.
ഇന്നു വൈകുന്നേരം അഞ്ചു വരെയാണു പരസ്യ പ്രചാരണത്തിന് അവസരമുള്ളത്. ക്രമസമാധാനം ഉറപ്പാക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന ജില്ലകളില്‍നിന്ന് വോട്ടെടുപ്പു നടക്കുന്ന മറ്റു ജില്ലകളിലേക്കു പൊലീസ് എത്തിച്ചേരും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ വോട്ടു ചെയ്യാന്‍ അവസരമുണ്ട്. ഏഴിനാണു വോട്ടെണ്ണല്‍.