തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

ചൊവ്വ, 23 ഫെബ്രുവരി 2016 (08:51 IST)
നിയമസഭ  തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിയെ യു ഡി എഫ് പ്രഖ്യാപിച്ചു. അരുവിക്കര മണ്ഡലത്തില്‍ നടന്ന പൊതുപരിപാടിയില്‍ ആയിരുന്നു കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
 
മണ്ഡലത്തിന്റെ നിലവിലെ എം എല്‍ എയും ജി കാര്‍ത്തികേയന്റെ മകനുമായ കെ എസ് ശബരിനാഥന്‍ തന്നെ ആയിരിക്കും അരുവിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുക. പാര്‍ട്ടി തീരുമാനം പരസ്യമായതോടെ ശബരിനാഥന്‍ മണ്ഡലത്തില്‍ പ്രചരണരംഗത്ത് സജീവമായിട്ടുണ്ട്.
 
കെ പി സി സി പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പ്രഖ്യാപനം നടത്തുന്നതെന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കൊണ്ട് സുധീരന്‍ പറഞ്ഞു. അതേസമയം, ചെറുപ്പക്കാര്‍ക്കൊപ്പം പരിചയസമ്പന്നരെയും പരിഗണിക്കമെന്ന് ശബരിനാഥ് പറഞ്ഞു.
 
പാര്‍ട്ടി ആരെയാണോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടുന്നത് അവരെ താന്‍ അംഗീകരിക്കുമെന്നും ശബരിനാഥന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക