എബോള വൈറസ് ഭീഷണി കേരളത്തിലും. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 16 മലയാളികള്‍ നിരീക്ഷണത്തില്‍. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും 21 ദിവസം ഇവരെ നിരീക്ഷിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംസ്ഥാനത്ത് നിലവില്‍ എബോള വൈറസ് ഭീഷണിയില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ചു.
എബോള പകരുന്ന ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ , നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ 16 മലയാളികളാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ല. എങ്കിലും രോഗം പകരുന്ന രാജ്യങ്ങളില്‍ നിന്നെത്തിയവരായതിനാലാണ് നിരീക്ഷണം. 21 ദിവസം ഇവരെ കര്‍ശനമായി നിരീക്ഷിക്കും. സ്വന്തം വീടുകളില്‍ തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷണം . ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
നിലവില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കാന്‍ തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ ഹെല്‍പ് ഡെസ്കുകള്‍ സജീവമാണ്.