ലഹരിക്കടത്ത് സംഘതലവൻ ഒഡിഷയില്‍ നിന്നും പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (12:19 IST)
തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളില്‍ ലഹരിക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവന്‍ അസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലെ കല്ലറ തണ്ണിയം കുഴിവിള വീട്ടില്‍ അനീസ് എന്ന ജാഫറാണ് (37)വെള്ളറട പോലീസ് പിടിയിലായത്. ഇയാളെ ഒഡീഷയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
 
ഒഡീഷയിലെ കോരാപുട് ജില്ലയില്‍ പാടുവ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല്‍ഡ ഗ്രാമത്തില്‍ ഇയാള്‍ ഏറെക്കാലമായി താമസിച്ചു വരികയായിരുന്നു.  മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയില്‍ കഞ്ചാവ് കൃഷി ചെയ്തു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ് കണക്കിന് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവന്‍ ആണ് ഇയാള്‍.
 
അധികാരികളുടെ പിടി വീഴാതിരിക്കാന്‍  ബാല്‍ഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകള്‍. അതുപോലെ സ്വന്തമായി സിം കാര്‍ഡ് ഉപയോഗിക്കാതെയും ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വെള്ളറട ആറാട്ട്കുഴിയില്‍ വച്ചു വാഹന പരിശോധനയ്ക്കിടെ 47 കിലോ കഞ്ചാവുമായി 5 പേരെ പോലീസ് പിടി കൂടിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ജാഫര്‍ വലയിലായത്.
പിടിയിലായ അഞ്ചുപേര്‍ ഇപ്പോഴും ജയിലിലാണ്.
 
ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നെയ്യാറ്റിന്‍കര കാട്ടാക്കട നെടുമങ്ങാട് ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
 
ഒഡീഷയിലെ ജാഫറിന്റെ പ്രാദേശിക ബന്ധം പോലീസിനെ ഏറെ ബുദ്ധിമുട്ടിച്ചു. രണ്ട് തവണ ഒഡിഷയിലെ ഗ്രാമത്തില്‍ കേരള പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ ഇയ്യാള്‍ മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയിലേക്ക് ഒളിക്കുകയായിരുന്നു.  എന്നാല്‍ ഇത് മനസ്സിലാക്കിയ അന്വേഷണ സംഘം റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്ന രീതിയില്‍ ഒഡിഷയിലെ ബാല്‍ഡ ഗ്രാമത്തില്‍ എത്തി ബാല്‍ഡ ഗുഹയ്ക്കു സമീപം വനത്തില്‍ ദിവസങ്ങളോളം ഒഡിഷ പോലീസിനെ പോലും അറിയിക്കാതെ തങ്ങിയാണ് അതി സാഹസികമാ യി ഇയാളെ അറസ്റ്റ് ചെയ്തത്.
 
നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഷാജിയുടെ നേതൃത്വത്തില്‍ വെള്ളറട സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജ്, സി പി ഒ ഷൈനു, ഡി എ എന്‍ എസ് എഫ് സബ് ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സതികുമാര്‍, എസ് സി പി ഒ അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍