മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടർക്ക് സസ്പെൻഷൻ. ആരോപണവിധേയനായ ഡോക്ടറെ സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ. സുരേഷ് കുമാറിനെതിരെയാണ് നടപടി. മൂക്കിലെ ദശയുമായി ചികിത്സ തേടി എത്തിയ ഏഴുവയസ്സുകാരന് ഹെർണിയയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്.
കരുവാരക്കുണ്ട് സ്വദേശി ഡാനിഷ് മുഹമ്മദാണ് അനാസ്ഥയ്ക്ക് ഇരയായത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ധനുഷ് എന്ന കുട്ടിയാണെന്ന് കരുതിയാണ് ഡാനിഷിനെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ഹെർണിയ ചികിത്സയ്ക്ക് ധനുഷിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. എന്നാൽ പിഴവിനു കാരണം ചികിത്സയ്ക്കെത്തിയ കുട്ടിയുടെ പേര് ഒന്നായതിലാണെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.