“ഞാന്‍ ദിലീപിന്റെ ആരാധകനാണ്, നിങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോ ?”; ഡിജിപിയെ വട്ടം കറക്കിയ ഫോണ്‍ കോളിന്റെ ചുരുളഴിഞ്ഞു - യുവാവ് പിടിയില്‍
വ്യാഴം, 3 ഓഗസ്റ്റ് 2017 (14:23 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്ത യുവാവ് പിടിയില്‍.
ചെങ്ങമനാട് കപ്രശേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്ത ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി സംശയം തോന്നിയതിനാൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് യുവാവ് ഡിജിപിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്. ദിലീപിന് അനുകൂലമായി സംസാരിക്കുകയും പൊലീസിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. താരത്തിന്റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ യുവാവ് അദ്ദേഹത്തിന്റെ സിനമകളെക്കുറിച്ച് പൊലീസ് മേധാവിയോട് വിവരിച്ചതായും സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ശല്യം ചെയ്യരുതെന്ന് ഡിജിപി ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഫോണ്‍ വിളി തുടര്‍ന്നു. യുവാവിനെ കൊണ്ട് ഒരു രക്ഷയുമില്ലാതെ വന്നതോടെ ഫോണ്‍ കോളിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു.