നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയന്‍ കളി തുടങ്ങി ? മുഖ്യസാക്ഷി ദിലീപിന് അനുകൂലമായി മൊഴി മാറ്റി
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:11 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യസാക്ഷി നാടകീയമായി കോടതിയിൽ മൊഴി മാറ്റി. കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടന്‍ ദിലീപിന് അനുകൂലമായ മൊഴിയാണ് ഇയാള്‍ കോടതിയില്‍ നല്‍കിയത്.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍സുനി ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ മൊഴി നൽകിയിട്ടുള്ളത്.
പൾസർ സുനി ലക്ഷ്യയിൽ എത്തിയിരുന്നുവെന്നായിരുന്നു നേരത്തെ ഇയാൾ കോടതിയില്‍ മൊഴി നൽകിയിരുന്നത്. അതേസമയം, മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.