‘സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല, തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല’ - പ്രസിഡന്റിനെ തള്ളി ദേവസ്വം കമ്മീഷണർ

വ്യാഴം, 7 ഫെബ്രുവരി 2019 (18:12 IST)
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍ വാസു.

വാദം നടന്നത് പുനഃപരിശോധനാ ഹര്‍ജികളിലാണ്. സാവകാശ ഹര്‍ജികളില്‍ വാദം നടന്നിട്ടില്ല. ദേവസ്വം ബോര്‍ഡ് നവംബര്‍ മാസത്തിലെടുത്ത നിലപാടിന് അനുസരിച്ചാണ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

സുപ്രീംകോടതിയുടെ നിലവിലെ വിധി അംഗീകരിക്കുന്നുവെന്നാണ് കോടതിയില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. അതിനുള്ള സാചര്യവുമില്ല.  ഇക്കാര്യത്തിൽ അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടോയെന്ന് അറിയില്ല. കാര്യങ്ങൾ വിശദീകരിച്ച് പ്രസിഡന്റിനെ കാണുമെന്നും എന്‍ വാസു കൂട്ടിചേർത്തു.

സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് നവംബറില്‍ ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചത്. അത് അനുസരിച്ചാണ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വ്യത്യസ്തമായ ഒരു തീരുമാനവും സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കിയിട്ടില്ല. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും വാസു കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍