പനി ബാധിച്ച് മരിക്കുന്നവരില്‍ യുവാക്കളും കുട്ടികളും; സ്വയം ചികിത്സ വേണ്ട, ലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക

വ്യാഴം, 22 ജൂണ്‍ 2023 (12:54 IST)
പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല തരത്തിലുള്ള പനികള്‍ പടരുന്നതിനാല്‍ പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പനിക്ക് സ്വയം ചികിത്സ അരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവ ചികിത്സ വൈകിയാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പനി ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. 
 
അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുകയാണ്. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി വ്യാപിച്ച സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തും. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 
 
ഡെങ്കിപ്പനി ബാധിച്ച് ഈ മാസം 25 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ യുവാക്കളും കുട്ടികളും ഉണ്ട്. കഴിഞ്ഞ 21 ദിവസത്തിനിടെ 1211 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 3710 പേര്‍ ഇപ്പോള്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍