കേന്ദ്രത്തെ വെല്ലുവിളിച്ച് സര്‍ക്കാര്‍; സംസ്ഥാനത്ത് തിങ്കളാഴ്ച എൽഡിഎഫ് ഹർത്താൽ

വ്യാഴം, 24 നവം‌ബര്‍ 2016 (13:51 IST)
സഹകരണ ബാങ്ക് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എൽഡിഎഫ് ഹർത്താൽ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഹർത്താൽ തീരുമാനമെടുത്തത്.  രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരിക്കും ഹർത്താൽ.

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിർദ്ദേശം. തുടര്‍ന്ന് നോട്ടു പ്രതിസന്ധി നിമിത്തം സംസ്ഥാനത്തെ സഹകരണ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഹർത്താൽ ആചരിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.

രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക