നോട്ട് അസാധുവാക്കിയതും വരള്‍ച്ചയും സംസ്ഥാനത്തെ തളര്‍ത്തും, ധനപ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനുള്ള സാധ്യത വിദൂരമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

വെള്ളി, 3 മാര്‍ച്ച് 2017 (07:47 IST)
2015-2016 കാലയളവില്‍ സംസ്ഥാനത്ത് 8.1 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷം 7.3 ശതമാനമായിരുന്നു വളര്‍ച്ച. ദേശീയ വരള്‍ച്ചാ നിരക്കായ 7.6 ശതമാനത്തില്‍ നിന്നും നേരിയ വര്‍ധന സംസ്ഥാനത്തുണ്ടായെങ്കിലും നിലവിലുള്ള ധനപ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനുള്ള സാധ്യത വിദൂരമാണെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോട്ടില്‍ പറയുന്നു.
 
ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് പുറമെ നോട്ട് അസാധുവാക്കലും രൂക്ഷമായ വരള്‍ച്ചയും  ധനകാര്യ സ്തംഭനാവസ്ഥ രൂക്ഷമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളപരിഷ്‌കരണത്തിന്റെ ബാധ്യത കൂടിയുള്ളതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കനത്ത വെല്ലുവിളിയാണെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
കാര്‍ഷിക മേഖലയിലും രൂക്ഷമായ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. പ്രാഥമിക മേഖലയായ കൃഷിയിലും അനുബന്ധ രംഗങ്ങളിലും വളര്‍ച്ച 2.95 ശതമാനമായി താഴ്ന്ന അവസ്ഥയാണുണ്ടായത്. എന്നാല്‍ വാണിജ്യ ഉത്പന്ന നിര്‍മ്മാണമുള്‍പ്പെടുന്ന ദ്വിതീയമേഖലയി 8.58 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. വാണിജ്യ സേവനങ്ങള്‍ ഉള്‍പ്പെടുന്ന തൃതീയമേഖലയുടെ വളര്‍ച്ച 8.78 ശതമാനമാണ്. വിനോദസഞ്ചാര മേഖലയില്‍ നിന്ന് 2015ല്‍ 26,686 കോടിയാണ് വരുമാനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക