പിന്തുണ നൽകിയ കാണാത്തിടങ്ങളിലെ കൂട്ടുകാർക്ക് നന്ദി: ദീപ നിശാന്ത്
ശനി, 10 ഒക്‌ടോബര്‍ 2015 (12:24 IST)
തൃശൂർ കേരളവർമ്മ കോളേജിലെ ബീഫ് ഫെസ്‌റ്റിവല്‍ വിവാദത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഫേസ്‌ബുക്കില്‍. ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാനും ഏത് തലത്തിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ വേണമെങ്കിലും മത്സരിക്കാനും പോലുമുള്ള അവകാശം എന്നേപ്പോലുള്ളവർക്കുണ്ട്. അതുകൊണ്ടു തന്നെ ഓരോ അഭിപ്രായ പ്രകടനങ്ങൾക്കും പുറകെ വിശദീകരണം നൽകേണ്ടി വരിക എന്നത് എന്റെ സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും അധ്യാപിക ഫേസ്‌ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-
നന്ദി .....
കാണാത്തിടങ്ങളിലെ കൂട്ടുകാർക്ക്..
രാഷ്ട്രീയ ഭേദമെന്യേ കൂടെ നിന്നവർക്ക്...
എന്റെ കുട്ടികൾക്ക്.....
കേരള വർമ്മ കോളേജിൽ വിദ്യാർത്ഥികൾ നടത്തിയ ബീഫ് ഫസ്റ്റിവൽ എന്ന പ്രതീകാത്മക പ്രതിഷേധ സമരത്തിന്റെ സംഘാടനത്തിൽ ഞാൻ ഒരു പങ്കും വഹിച്ചിട്ടില്ലെങ്കിലും ആശയപരമായി ആ സമരത്തെയും സമകാലിക സാഹചര്യങ്ങളിലുള്ള അതിന്റെ പ്രസക്തിയേയും ഞാൻ പിന്തുണക്കുന്നു. ഒരു വ്യക്തി എന്ത് ഭക്ഷണം കഴിക്കണം എന്ന കാര്യത്തിൽപ്പോലും മത വർഗീയതയും അതിന് അമിതമായ സ്വാധീനമുള്ള ഭരണകൂടവും അനാശാസ്യമായ ഇടപെടലുകൾ നടത്തുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടി വിദ്യാർത്ഥി സമൂഹത്തിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സംഘടിക്കാനും പ്രതികരിക്കാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ഇത്തരം സാർത്ഥകമായ പ്രയോഗങ്ങളാണ് ഫാസിസത്തെ പ്രതിരോധിക്കാൻ ഏറ്റവും അനുയോജ്യമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഭക്ഷണ ഫാസിസത്തേക്കുറിച്ച് എന്റെ ഒരു വിദ്യാർത്ഥി Amal Lalഫേസ്ബൂക്കിൽ നടത്തിയ ഒരു ചർച്ചയിലിടപെട്ട് ഞാൻ നടത്തിയ ഒരു കമന്റിന്റെ പേരിലാണ് എന്റെ പേരിലുള്ള വിവാദവും എന്നേ പുറത്താക്കണമെന്ന കോലാഹലങ്ങളും ചില തത്പര കക്ഷികൾ ഉയർത്തിയത്. അഭിപ്രായ സ്വാതന്ത്യവും ആവിഷ്ക്കര സ്വാതന്ത്ര്യവും പരമമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരമൊരു വിവാദം അനാവശ്യവും ദൗർഭാഗ്യകരവുമായിരുന്നു. കേരളത്തിൽ വ്യത്യസ്ത മാനേജ്മെന്റുകൾക്ക് കീഴിലുള്ള എയ്ഡഡ് സ്കൂൾ/കോളേജ് അധ്യാപകർക്കും ജീവനക്കാർക്കും സജീവ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ഇടപെടാനും പരസ്യമായി അഭിപ്രായം പറയാനും മാത്രമല്ല, വേണമെങ്കിൽ ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാനും ഏത് തലത്തിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ വേണമെങ്കിലും മത്സരിക്കാനും പോലുമുള്ള അവകാശം എന്നേപ്പോലുള്ളവർക്കുണ്ട്. അതുകൊണ്ടു തന്നെ ഓരോ അഭിപ്രായപ്രകടനങ്ങൾക്കും പുറകെ വിശദീകരണം നൽകേണ്ടി വരിക എന്നത് എന്റെ സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.
ഒരു അധ്യാപിക എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്ത നിർവ്വഹണത്തെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാണ് രാഷ്ട്രീയ, സാമൂഹിക, സാഹിത്യ മേഖലകളിലുള്ള ഇടപെടലുകളെ ഞാൻ രൂപപ്പെടുത്താറുള്ളത്. കക്ഷിരാഷ്ട്രീയ, ജാതി-മത, സാമ്പത്തിക പരിഗണനകൾക്കതീതമായി വിദ്യാർത്ഥികളെ ഒരുപോലെ കാണാനും അവരോട് ഒരുപോലെ ഇടപെടാനും നൂറ് ശതമാനം എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ ആരോപണമുന്നയിക്കുന്നവരുടെ കൂട്ടത്തിൽപ്പെട്ടവർ പോലും ഇതംഗീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ ഭയപ്പെടുകയും എന്ത് വിധേനയും അതിനെ അടിച്ചമർത്തുകയും ചെയ്യുക എന്നത് ഫാസിസ്റ്റുകളുടേയും മത, വർഗീയ, സങ്കുചിത വാദികളുടേയും പതിവ് രീതിയാണല്ലോ. ഇന്ന് നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രവണതകൾ വളർന്നു വരുന്നു എന്നത് കാണാതിരിക്കാൻ കഴിയില്ല. പ്രബുദ്ധ ചിന്തക്കും പുരോഗമന രാഷ്ട്രീയത്തിനും മതസൗഹാർദ്ദത്തിനും പേരുകേട്ട കേരളത്തിലും ഈ മട്ടിലുള്ള സമീപനങ്ങൾ വർദ്ധിച്ചു വരുന്നുണ്ടോ എന്നത് ഏവരും ഗൗരവതരമായി ചർച്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കേസുകളിലും കോടതി നടപടികളിലും ഉൾപ്പെടുത്തി സമ്മർദ്ദം ചെലുത്തി ഏവരേയും നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയാനും അതിനെ അവഗണിച്ച് സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും പക്ഷത്തെ ശക്തിപ്പെടുത്താനും ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നത് ആഹ്ലാദകരമാണ്.
ആരോടും പരിഭവമോ പരാതിയോ ഇല്ല.സ്നേഹത്തിന്റെ ഇടയ്ക്കുയർന്ന മതിലുകളെല്ലാം തകർന്നു വീഴട്ടെ എന്നു തന്നെയാണ് ഞാനാശിക്കുന്നതെന്നും ടീച്ചര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.