ഇടതുപക്ഷം യുഡിഎഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു: കെസി ജോസഫ്
സിപിഎം എംപി വീരേന്ദ്രകുമാറിനോട് അടുക്കുന്ന സൂചന പുറത്തുവന്നതോടെ ഇടതുപക്ഷത്തിനെ കുറ്റപ്പെടുത്തി മന്ത്രി കെസി ജോസഫ് രംഗത്ത്. ഇടതുപക്ഷത്തിന് പരാജയ ഭീതി പിടികൂടിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കാരണമാണ് യുഡിഎഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ നിലപാടുമാറ്റം അവരുടെ പരസ്യമായ കുറ്റസമ്മതമാണെന്നും ജോസഫ് പറഞ്ഞു.
വീരേന്ദ്രകുമാറിനോട് തനിക്ക് ശത്രുതയില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു. വീരേന്ദ്രകുമാറുമായി തനിക്ക് ശത്രുതയില്ല. വ്യക്തിപരമായ അടുപ്പവും രാഷ്‌ട്രീയമായ വിയോജിപ്പും മാത്രമാണുള്ളത്. നാളെ ഒരുമിച്ച് നിന്ന് പോരാടുന്നതിന് ഒന്നും തടസ്സമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. വീരേന്ദ്രകുമാറിന്റെ പുസ്തകം ‘ഇരുള്‍ പരക്കുന്ന കാലം’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.