ഷുക്കൂറിനെ കൊലപ്പെടുത്തിയത് വ്യക്‍തമായ പദ്ധതികള്‍ ആസൂത്രണം ചെയ്‌തശേഷം; സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നിട്ടും പട്ടാപ്പകൽ കൊല നടത്തി
തിങ്കള്‍, 8 ഫെബ്രുവരി 2016 (18:17 IST)
സിനിമകളില്‍ മാത്രം കാണുന്ന തരത്തിലുള്ള നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് എംഎസ്‌എഫ് നേതാവ് അബ്‌ദുൽ ഷുക്കൂര്‍ കൊല ചെയ്യപ്പെട്ടത്. പട്ടാപ്പകൽ സമീപവാസികളും നാട്ടുകാരും നോക്കി നില്‍ക്കെയാണ് കീഴറ എന്ന സ്‌ഥലത്ത് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും സംഘവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ മുസ്‌ലിം ലീഗ് പ്രവർത്തകര്‍ കല്ലെറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കല്ലെറിഞ്ഞെന്ന് ആരോപിക്കപ്പെട്ട് അഞ്ച് ലീഗ് പ്രവര്‍ത്തകരെ ആക്രമികള്‍ പിന്തുടര്‍ന്നതോടെ ഇവര്‍ ഒരു വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഈ സമയം ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പലരും കൈമാറുകയും ചെയ്‌തു. കല്ലെറിഞ്ഞ ലീഗ് പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു ഈ നീക്കം.
ചിത്രങ്ങള്‍ ചിലര്‍ പരിശേധിച്ചശേഷം കല്ലെറിഞ്ഞ കൂട്ടത്തില്‍ ഷുക്കൂര്‍ ഉണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് അഞ്ച് പേരെയും ആക്രമികള്‍ പിടികൂടുകയും മൂന്ന് പേരെ വിട്ടയക്കുകയുമായിരുന്നു. തുടര്‍ന്ന് ഷുക്കൂറിനെയും സക്കറിയ എന്ന ഐയുഎംഎൽ പ്രവർത്തകനെയും അടുത്തുള്ള വയലിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കല്ലെറിഞ്ഞത് ഷുക്കൂര്‍ ആണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഉണ്ടായ മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സക്കറിയയെ മര്‍ദിച്ചശേഷം വിട്ടയക്കുകയായിരുന്നു.