കുരിശു പൊളിക്കുന്ന സർക്കാർ? മുഖ്യമന്ത്രിയെ തള്ളി സിപിഐ

വെള്ളി, 21 ഏപ്രില്‍ 2017 (07:35 IST)
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ അനുകൂലിച്ചും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞുമാണ് സിപിഐ രംഗത്തെത്തിയിരിക്കുന്നത്. 
 
പാപ്പാത്തിച്ചോലയിലെത് കയ്യേറ്റ ഭൂമി ആയിരുന്നു. ഇവിടുത്തെ കുരിശ് പൊളിച്ചതില്‍ തെറ്റില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു. പാപ്പാത്തിച്ചോലയില്‍ ഭീമാകാരമായ കുരിശ് സ്ഥാപിച്ചത് ദുരുദ്ദേശപരമാണ്. കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുതെന്നും ശിവരാമന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചക്കിടെയായിരുന്നു കെകെ ശിവരാമന്റെ പ്രതികരണം.
 
കുരിശ് പൊളിച്ച നടപടിയടക്കം ചെയ്തതിൽ ജില്ലാഭരണകൂടത്തെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിലാണ് പിന്തുണയുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയം. സംഭവത്തിൽ ജില്ലാ ഭരണകൂടത്തേയും കളക്ടറേയും മുഖ്യമന്ത്രി പരസ്യമായി ശാസിച്ചിരുന്നു.
 
സര്‍ക്കാരിനോട് ചോദിക്കാതെ എന്തിനാണ് കുരിശില്‍ കൈവെച്ചത് എന്ന് പിണറായി ചോദിച്ചു. നടപടി കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയുണ്ടാക്കി. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു..

വെബ്ദുനിയ വായിക്കുക