സിപിഐക്ക് പുതിയ സെക്രട്ടറി; കാനം രാജേന്ദ്രനും ഇസ്മായിലും രംഗത്ത്
തിങ്കള്‍, 2 മാര്‍ച്ച് 2015 (09:22 IST)
മുതിര്‍ന്ന നേതാക്കളായ കാനം രാജേന്ദ്രനും, കെഇ ഇസ്മായിലും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് എളുപ്പമാവില്ലെന്ന് ഉറപ്പായി. അതേസമയം സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ഡി രാജയുമടക്കമുള്ളവര്‍ മത്സരം ഒഴിവാക്കി സമവായത്തിനു ശ്രമിക്കുകയാണ്.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്റെ പേരാണ് സെക്രട്ടറി സ്ഥാനത്തേക്കു തുടക്കം മുതല്‍ ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ കെഇ ഇസ്മയില്‍ സെക്രട്ടറിയാവാന്‍ വേണ്ടി വന്നാല്‍ മത്സരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ രണ്ടുചേരിയായി തിരിഞ്ഞ അവസ്ഥയാണ്. പുതിയ കൌണ്‍സിലിലേക്ക് സ്വന്തം പക്ഷക്കാരെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുപക്ഷവും.
ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ സമവായശ്രമങ്ങളെല്ലാം പാളിയ സാഹചര്യത്തില്‍ ഇരുപക്ഷവും പിന്തുണ നല്‍കുന്നയാളെയും നേതൃത്വം പരിഗണിച്ചേക്കും. മത്സരം കടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ നിലവിലെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ഒരു അവസരം കൂടി നല്‍കുവാനും സാധ്യത ഉണ്ട്. പുതിയ സംസ്ഥാന കൌണ്‍സിലിനെ സമ്മേളനം തെരഞ്ഞെടുക്കും. തുടര്‍ന്നാണ് സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കുന്നത്.