അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷം പുനര്‍വിചാരണ നടത്തണമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം. ഇടതുപക്ഷ നേതാക്കള്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജനം അവരെ ഉപേക്ഷിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം അധികാരവും പണവും മദ്യവുമുപയോഗിച്ചാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പാർട്ടി വിശദമായി പഠിക്കും. ജാതിമത ശക്തികൾ ചേരിതിരിഞ്ഞു. ഇതൊരു മുന്നറിയിപ്പാണ്. ഇതിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ജയിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. പണത്തിന്റെ വിജയമാണ് അരുവിക്കരയില്‍ ഉണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ സാധാരണ നിലയില്‍ കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ ചെലവിടാന്‍ പോകുന്ന പണത്തിന്റെ ബലത്തില്‍ ആയിരുന്നു അത്. തെരഞ്ഞെടുപ്പ് ചട്ടമൊന്നും പാലിക്കാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.