സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഡിസം‌ബര്‍ 2023 (09:34 IST)
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
മന്ത്രിയുടെ നേതൃത്വത്തില്‍ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കണം. ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍