കേരളത്തില്‍ 115 പുതിയ കോവിഡ് കേസുകള്‍; വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന തുടങ്ങുമോ?

ബുധന്‍, 20 ഡിസം‌ബര്‍ 2023 (08:30 IST)
ഇന്നലെ വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തില്‍. ഡിസംബര്‍ 19 ചൊവ്വാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ സജീവ കോവിഡ് കേസുകള്‍ 1,749 ആയി. രാജ്യത്ത് ഇന്നലെ 142 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, ഇതില്‍ 115 കേസുകളും കേരളത്തില്‍ നിന്നാണ്. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. 
 
ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 ആണ് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു കാരണം. വ്യാപനശേഷി കൂടുതലാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി പൂര്‍ണ സജ്ജമാണ്. സംസ്ഥാനത്ത് കോവിഡ് പരിശോധനയുള്ള എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നത് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ട എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. 
 
കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മുന്‍പത്തേതു പോലെ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസൊലേഷനില്‍ പോകുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍