പൂജപ്പുര സെൻട്രൽ ജയിലിൽ 63 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വെള്ളി, 14 ഓഗസ്റ്റ് 2020 (15:59 IST)
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 63 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. കഴിഞ്ഞ ദിവസം 99 പേരിൽ നടത്തിയ പരിശോധനയിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇന്ന് 163 പേരെ പരിശോധിച്ചതിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 
 
പുതുതായി ജയിലിലേക്ക് കൊണ്ടുവരുന്ന പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരുന്നു ജയിലിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ അന്തേവാസികളിൽ ഒരാൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെയാണ് ജയിലിലെ മുഴുവൻ ആളുകളിലും പരിശോധന നടത്താൻ തീരുമാനമായത്. കുറ്റവാളികൾക്ക് പുറമെ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 
മൂന്നു ദിവസമായി ജയിലില്‍ കോവിഡ് പരിശോധന നടത്തിവരികയാണ്. വരും ദിവസങ്ങളിൽ ജയിലിൽ ബാക്കിവരുന്ന 975 അന്തേവാസികൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഇതിനോടൊപ്പം തന്നെ ജയിലിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍